ലേഖനം

എത്രയെത്ര ഏകാന്തതകൾഎത്രയെത്ര ഏകാന്തതകളെ ഭഞ്ജിച്ചാണ് സ്ക്രീനില് വെളിച്ചമുദിക്കുന്നത്!
 
”ക്ഷമിക്കണം. ഞാൻ ഇപ്പോള് ഒരു മരിച്ച മനുഷ്യനാണ്. ഇവിടെ മരണാനന്തര ലോകം ഈ സിനിമാ തീയേറ്ററിന്റെ ഉൾവശമാണ്. ഇതിനുള്ളിൽ എല്ലാ മനുഷ്യരും സിനിമ കണ്ടു കൊണ്ടിരിക്കുകയാണ്. ഇടവേളകൾ മാത്രമാണ് ഞങ്ങളുടെ ആശ്വാസം . അപ്പോൾ ഞങ്ങൾക്ക് ജീവിച്ചിരിക്കുന്ന മനുഷ്യരെ കണ്ടുമുട്ടാനാവുന്നു”
 
(മരിച്ചവര് സിനിമ കാണുകയാണ് /തോമസ്സ് ജോസഫ് )
 
1
 
 
ഉണ്ടായിരുന്നെങ്കില് ഇന്ന് നൂറു വയസ്സു തികയുമായിരുന്ന ഒരു തീയേറ്ററിന്റെ ഗന്ധവും അതിനുള്ളില് ഇരുട്ടില് സിനിമയ്ക്ക് വൈകിയെത്തി കാണികളില് സൃഷ്ടിച്ച അലോസരവും ഉയര്ന്ന് കേട്ട തെറിവിളിയും സീറ്റ് കണ്ടെത്താനുള്ള പരിഭ്രമവും, അച്ഛന്റെ ചിരിയോടെയുള്ള നോട്ടവും, നെറ്റിമേലുളള തലോടലും ‘ഇതാ നോക്ക് ‘ എന്ന് സ്ക്രീനിലേക്കുള്ള ശ്രദ്ധ ക്ഷണിക്കലും കഴിഞ്ഞ് പോയ ഒരു സ്വപ്നത്തിലെ ചിതറിയ ദൃശ്യങ്ങള് ഒരു പസിലില് എന്ന പോലെ ചേര്ത്തെടുത്ത് വെക്കുമ്പോള് ഓര്മ്മ വരുന്നു. ആ തീയേറ്ററിലെ കാണികളുടെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങളിലാണ് ശ്രദ്ധ കൂടുതലും പോയത്. വലിയ സ്ക്രീനിലെ വിസ്മയത്തെക്കാളുപരി അവിടെയിരിക്കുന്ന നിരവധി മുഖങ്ങളില് സ്ക്രീനിലെ വെളിച്ചം പതിക്കുമ്പോള് ജന്മമെടുക്കുന്ന ഭാവങ്ങളിലാണ് നോക്കിയിരിക്കാറുള്ളത്. ഓരോ ദൃശ്യത്തിനും അനുസൃതമായി കാണിയും അഭിനയിച്ചു കൊണ്ടിരിക്കുന്നു (ജീവിച്ചുകൊണ്ടിരിക്കുന്നു. )
സിനിമ പ്രദര്ശനത്തിന് വേണ്ട സൗകര്യങ്ങളൊന്നുമില്ലാത്ത ഒരു പഴയ ഹാളില് ഇരുന്ന് കൂട്ടുകാരിയോടൊപ്പം ‘ യങ്ങ് കാള് മാര്ക്സ് ‘ കാണുന്ന വേളയില് ആ ദിവസത്തിന്റെ മുഴുവന് ക്ഷീണവും കണ്ണില് വന്ന് തട്ടിയപ്പോള് താഴ്ന്ന ഇമകള് ഉയര്ന്നത് അവളുടെ പതിഞ്ഞ താളത്തിലുള്ള ചിരി കേട്ടാണ്. സ്ക്രീനിലെ ദൃശ്യങ്ങളുടെ സഞ്ചാരമല്ല, അവളുടെ ചിരിയും, ശേഷം പെട്ടെന്ന് കൈവരിച്ച ഗൗരവഭാവവുമാണ് മയക്കത്തില് നിന്നുണര്ത്തിയത്. ആള്ക്കൂട്ടത്തിന് നടുവില് നമ്മുടേതായി തീര്ക്കുന്ന ഏകാന്തലോകങ്ങളിലിരുന്നാണ് ഓരോ സിനിമയും നാം കാണുന്നത്, ചിരിയിലും ദുഃഖത്തിലും ആകാംഷയിലും പങ്ക് ചേരുന്നത്. ഒരു സിനിമയുടെ പേര് കേള്ക്കുമ്പോള് ചിലപ്പോഴെങ്കിലും നാമോര്ക്കുന്നത് ആ സിനിമയിലെ ദൃശ്യമോ,സംഗീതമോ ആയിരിക്കണമെന്നില്ല. മറിച്ച് ആ സിനിമ കണ്ട തീയേറ്ററോ,അവിടുത്തെ ഗന്ധമോ, അടുത്തിരുന്ന വ്യക്തിയെയോ ആയിരിക്കാം. ആ ഓര്മ്മയാവാം സിനിമയിലേക്കും അനന്തര ചിന്തയിലേക്കും വഴി തെളിയിക്കുന്നത്.
 
2
പെഡ്രോ അല്മദോവര് സംവിധാനം ചെയ്ത Pain And Glory എന്ന ചിത്രത്തില് സാല്വദോര് മാലോയുടെ എഴുത്തുകള് വായിക്കുന്ന ആല്ബെര്ട്ടോ ക്രിസ്പോ ഒരിടത്ത് ശ്രദ്ധയുടക്കി,ആ ഭാഗം ആവര്ത്തിച്ച് വായിക്കുന്നു. ആ കഥ തീയേറ്ററില് അവതരിപ്പിക്കൊനുള്ള ശ്രമത്തിനിടെ ആല്ബെര്ട്ടോ സാല്വദോറിനോട് സംസാരിക്കുമ്പോഴും പറയുന്നത് ഇതേ വാക്കുകളാണ്.
”My idea of cinema was always linked to the breeze on
summer nights. We only saw films in the summer. I particularly remember the films in which there was water: waterfalls, beaches, the bottom of the sea, rivers or springs. Just hearing the sound of running water gave all the kids a tremendous desire to urinate and we’d do it right there, on both sides of the screen. In the cinema of my childhood, it always smells of piss and jasmine, and of the summer breeze.”
പ്രശസ്ത സിനിമ സംവിധായകനും എഴുത്തുകാരനുമായി സാല്വദോര് മാലോയുടെ അസുഖങ്ങള് നിറഞ്ഞ ജീവിതത്തെയാണ് പെഡ്രോ അല്മദോവര് ‘pain and glory’ എന്ന ചിത്രത്തില് ആവിഷ്കരിക്കുന്നത്. സാല്വദോര് മാല്ലോയാണ് ചിത്രത്തിന്റെ ആഖാനം നിര്വഹിക്കുന്നത്. അയാളുടെ ഓര്മ്മകളും വര്ത്തമാന കാല ജീവിതവും ഇടകലര്ത്തി കാട്ടിയാണ് ചിത്രം മുന്നോട്ട് നീങ്ങുന്നത്. സ്വിംമ്മിംഗ് പൂളില് കിടക്കുമ്പോള് അയാള് ഓര്ക്കുന്നത് കുട്ടിക്കാലത്ത് അമ്മയോടൊപ്പം പുഴയോരത്തിരുന്നതാണ്. അവിടെ തുണി നനയ്ക്കുകയായിരുന്ന അമ്മയും സുഹൃത്തുകളും ചേര്ന്ന് പാടിയ പാട്ട് അയാള് ഓര്ക്കുന്നു. മാല്ലോയുടെ ഭൂതകാലം പല സന്ദര്ഭങ്ങളിലായി ചിത്രത്തില് കടന്ന് വരുന്നു. ഓര്മ്മ ഒരു വേദനസംഹാരിയെന്ന നിലയില് പ്രവര്ത്തിക്കുന്നു. എഡ്വാര്ഡോ എന്ന അയല്ക്കാരനായ സുഹൃത്ത് വരച്ച സാല്വദോറിന്റെ ചിത്രം വര്ഷങ്ങള്ക്ക് ശേഷം അയാള്ക്ക് കിട്ടുന്നു. ആ ചിത്രം ഇത്ര ദൂരവും കാലവും താണ്ടി തന്റെ കൈകളില് എത്തിയതെങ്ങനെയോന്നോര്ത്ത് അയാള് അമ്പരക്കുന്നു. കവിത പോലെ യാദൃശ്ചികത നിറഞ്ഞതാണ് പലപ്പോഴും ജീവിതം. ആ യാദൃച്ഛികതകളും അനിശ്ചിതത്വങ്ങളും ഓര്മ്മകളും വേദനയും ചേര്ന്ന ജീവിതത്തില് നിന്നാണ് സാല്വദോര് മാല്ലോ ‘കല’ യെ ഉത്പാദിപ്പിക്കുന്നത്. അത് ആയാസരഹിതമായ പ്രക്രിയയല്ല. മാനസികമായും ശാരീരികമായും നിശ്ചേതനായ അവസ്ഥയില് ലഹരിമരുന്നിന് അഭയം തേടുന്ന സാല്വദോര് പതിയെ അവയില് നിന്ന് വിടുതല് നേടാന് ശ്രമിക്കുന്നുണ്ട്. അനേകം സംഘര്ഷങ്ങള്ക്കിടയിലെ അല്പ മാത്രകളെയാണ് അയാള് കലയിലേക്ക് വിവര്ത്തനം ചെയ്യുന്നത്. ഏകാന്തതയില് നിന്ന് ഓര്മ്മകളിലൂടയല്ലാതെ മറ്റൊരു വഴിയിലൂടെയും മോചനമില്ല എന്ന തിരിച്ചറിവാണ് സാല്വദോറിനെ വീണ്ടും എഴുതാന് പ്രേരിപ്പിക്കുന്നത്.
എന് എസ് മാധവന്റെ ‘നാലാം ലോകം ‘ എന്ന കഥയില് ഗോവിന്ദന്കുട്ടി, ഏകാന്തത സൃഷ്ടിക്കുന്ന ഭ്രാന്തില് നിന്ന് രക്ഷപ്പെടാനായി ഉച്ചത്തില് സംസാരിക്കാനോ പാട്ടുപാടാനോ കൂട്ടുകാരനായ ബക്കുനിനോട് നിര്ദ്ദേശിക്കുന്നുണ്ട്. ഈ ആശയം ഗോവിന്ദന്കുട്ടി കണ്ടെടുക്കുന്നത് അച്ഛന് പറഞ്ഞ കഥയില് നിന്നാണ്. സാന്റോ ഗോപാലനും അച്ഛനും ജയിലില് രാഷ്ട്രീയതടവുകാരായി കഴിയുന്ന കാലത്ത് ഏകാന്തതയെ, ഭ്രാന്തിനെ ചെറുക്കാന് കൈമാറിയ എ കെ ജി, കൈമാറിയതെന്ന് പറയുന്ന തന്ത്രമാണത് . ആ ഓര്മ്മയാണ് ബഹിരാകാശത്തെ ഏകാന്തതയില് ഗോവിന്ദന്കുട്ടിക്ക് കൂട്ടാവുന്നത്. ഏകാകികളായി ജീവിക്കാന് വിധിക്കപ്പെട്ട മനുഷ്യര് സ്ക്രീനില് തെളിയുന്ന ദൃശ്യങ്ങളാലും ചുറ്റും ഉയരുന്ന ആരവങ്ങളാലും ജീവിതത്തിന്റെ ആനന്ദത്തെ അറിയുന്നു.
 
3
കര്സാന് കാദെര് കുർദിഷ് ചിത്രമായ സംവിധാനം ചെയ്ത് 2012ല് പുറത്തിറങ്ങിയ ബേക്കാസ് (Bekas ) എന്ന ചിത്രത്തില് ഒരു രംഗമുണ്ട്. സഹോദരങ്ങളായ ഡാനയും സാനയും തെരുവോര ചലച്ചിത്ര പ്രദര്ശനത്തിന്റെ ഭാഗമായുള്ള ‘സൂപ്പര്മാന് ‘ എന്ന സിനിമ കാണാനായി ടിക്കെറ്റെടുക്കാതെ തീയേറ്ററിന് പിന്നിലൂടെ മേല്കൂര ഭാഗത്തേക്ക് കയറി അവിടെയുള്ള ചെറിയ വിടവിലൂടെ പ്രദര്ശനശാലയ്ക്ക് അകത്തേക്ക് നോക്കുന്നു.വൃദ്ധനായ പ്രൊജക്ടര് ഓപ്പറേറ്ററേയും, പ്രൊജക്ടറില് നിന്ന് തിരയടിക്കുന്ന വെളിച്ചത്തേയും വിസ്മയമുറ്റി നില്ക്കുന്ന നിരവധി കണ്ണുകളെയും കാണുന്നു. പക്ഷെ ആ സിനിമകാണല് ശ്രമം പരാജയപ്പെടുകയും ഡാനയും സാനയും പിടിക്കപ്പെടുകയും ചെയ്യുന്നു. പക്ഷെ അവരുടെ ജീവിതത്തെ തന്നെ പിന്നീട് നയിക്കുന്ന ഒന്നായി ആ സിനിമ മാറുന്നു.
സിനിമ എന്നാല് തിരശ്ശീലയില് തെളിഞ്ഞത് മാത്രമല്ല,അതിനോട് ഇണ ചേര്ന്ന് രൂപപ്പെട്ട അസംഖ്യം ഓര്മ്മകളുടെ സമാകലനം കൂടിയാണ്. ടിക്കറ്റ് കൊടുക്കുന്ന മുറിയിൽ മഞ്ഞവെളിച്ചം പടരുമ്പോൾ, ബെൽ മുഴങ്ങുമ്പോൾ , ടിക്കറ്റും ബാക്കി കാശും വാങ്ങുമ്പോൾ , ഒാടി ചെന്ന് സീറ്റ് ഉറപ്പാക്കുമ്പോൾ, പരിചയമുള്ള മുഖങ്ങളെ തീയേറ്ററിനുള്ളിൽ തിരയുമ്പോൾ, ആദ്യം തെളിയുന്ന പരസ്യത്തിന് കൂവുമ്പോൾ, ലെെറ്റ് ഒാഫ് ചെയ്യാനായി തെറി വിളിക്കുമ്പോൾ. ഇൻ്റർവെല്ലിന് മസാലകടല വാങ്ങുമ്പോൾ, ഒടുക്കം കൂവിയും കെെയടിച്ചും പ്രതികരണമറിയിക്കുമ്പോൾ, തീയേറ്ററിൻ്റെ പുറം വെളിച്ചത്തിലേക്ക് അകം വെളിച്ചം മനസ്സിലിട്ട് ആഴ്ന്നിറങ്ങുമ്പോൾ ; അങ്ങനെ അനേകം ഒാർമ്മകളുടെ ഫ്രെയിമുകൾ ചേർന്നതാണ് സിനിമ. ഓര്മ്മയുമായി ചലച്ചിത്രത്തിനുള്ള ഈ ആഴമേറിയ ബന്ധമാവാം ലൂയിസ് ബുനിവലിന്റെ ആത്മകഥയുടെ (My last sigh ) ആദ്യ അധ്യായത്തിന് ഓര്മ്മ നഷ്ടമായ അമ്മയുടെ അവസ്ഥയെ വിവരിക്കാനുള്ള പ്രേരണയായിട്ടുണ്ടാവുക. കാലത്തെയും കലയെയും വിവരിക്കുന്ന മാത്രയില് തര്ക്കോവ്സ്കിയും ഓര്മ്മയുടെ ഇടപെടലിനെ കുറിക്കുന്നുണ്ട്. ആ ശീര്ഷകം തന്നെ എത്ര സുന്ദരമാണ് ‘sculpting in time ‘. പെഡ്രോ അല്മദോവര് പറഞ്ഞൊരു വാക്യം പിന്നീടൊരിക്കല് സര്വ്വകലാശാല കലോത്സവത്തില് സിനിമനിരൂപണത്തില് പങ്കെടുക്കവെ ആ കുറിപ്പിന്റെ തുടക്കവാക്യമായെഴുതി. ”Cinema can fill in the empty spaces of your life and your loneliness.” ഇതേ അനുഭവത്തെയാണ് ”ഏകാന്തം വിഷമമൃതമാക്കിയും വെറും പാ-ഴാകാശങ്ങളിലലർവാടിയാചരിച്ചും ”
എന്ന് ആശാന് കാവ്യകലയെ വണങ്ങുന്ന വേളയില് വിവരിച്ചത് ”
Print Friendly, PDF & Email