LITERATURE കവിത

ശ്വാസം മുട്ടൽ



ശ്വാസംമുട്ടല് കൊണ്ട്
ഉറങ്ങാൻ കഴിയാതെ
ലേബർ ക്യാമ്പിലെ കട്ടിലിൽ
ഒന്ന് ഉറങ്ങി കിട്ടിയിരുന്നെങ്കിൽ
എന്ന് കൊതിച്ചിരിക്കുമ്പോഴാണ്
പാതി മുറിഞ്ഞ ശ്വാസം പോലെ
ഭാര്യയുടെ ഫോൺ വിളി
കാതിൽ മകളുടെ നിലയ്ക്കാത്ത കരച്ചിൽ
സന്ദർശക വിസയും
മരുന്നും
തീർന്നിട്ടൊരാഴ്ച്ചയായി
ചുറ്റിലും വിതറുന്ന വാർത്തകളിൽ
ആശ്വാസവാചകങ്ങൾ പരതി തളർന്നു
നോവിന്റെ കടൽ കടന്ന്
മറുകരയിൽ എന്നെത്തും?
അനുഭവിച്ചറിയാത്തവർക്കീ
സങ്കടപ്പുണ്ണിന്റെ നീറ്റലറിയില്ല
വീടിന്റെ ചുമരിൽ
നാടിന്റെ കട്ടിലിൽ കിടക്കാൻ
കനിവുള്ളൊരു സായാഹ്നത്തിൽ കൈപിടിച്ചു
കയറ്റാനൊരു വിമാനം
പറന്നിറങ്ങുന്ന സ്വപ്നം !
അതോ സ്വന്തം പെട്ടി നാട്ടിലെത്തി മടങ്ങുന്ന ദുസ്വപ്നമോ?
ചൂടേറിയ മണൽക്കാറ്റ്
ചുറ്റിലും വീശുന്നു
Print Friendly, PDF & Email

About the author

മുരളി മീങ്ങോത്ത്

ഇന്ത്യന്‍ വ്യോമസേനയിലായിരുന്നു. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.